Wednesday, August 22, 2007

വയലന്‍റായ പ്രശാന്തന്‍ അഥവാ ശാന്തനാകൂ പ്രശാന്താ...

"ഇന്നു ഞാന്‍ അവന്‍റെ തലയെടുക്കും" എന്ന് ആക്രോശിച്ച് പ്രശാന്തന്‍ ചന്തക്കവലയിലേയ്ക്കു പാഞ്ഞു. കയ്യില്‍ ഊരിപ്പിടിച്ച കത്തി. ദേഷ്യംകൊണ്ട് വിറയ്ക്കുന്ന മൂക്ക്. വലിഞ്ഞു മുറുകിയ ഞരമ്പുകളും പേശികളും. പല്ലുകടിക്കുന്ന ശബ്ദം കേട്ടാല്‍ ഇല്ലിത്തുറുവിനു കാറ്റുപിടിച്ചതാണെന്നു തോന്നും. അത്രയ്ക്കുണ്ടു പ്രശാന്തന്‍റെ ദേഷ്യം.

പ്രശാന്തന്‍‍ 'ഇടഞ്ഞ' വാര്‍ത്ത ഞൊടിയിടയില്‍ നാടാകെ പരന്നു. കേട്ടവര്‍ കേട്ടവര്‍ ചന്തമുക്കിലേയ്ക്കു പാഞ്ഞു. കരോട്ടെ പ്രശാന്തനെ അവര്‍ക്ക് നന്നായി അറിയാം. അവന്‍ കത്തി ഊരിയാല്‍ ഗൂര്‍ഖകള്‍ ഊരുന്നതു പോലെയാണ്. ചോര കാണാതെ ഉറയില്‍ തിരികെ ഇടില്ല. ഇന്ന് എന്തെങ്കിലും നടക്കും തീര്‍ച്ച.

പറഞ്ഞമാത്രയില്‍ ചന്തക്കവലയില്‍ പൂരപ്പറമ്പുപോലെ ജനത്തിരക്കായി. തെരുവു സര്‍ക്കസ് കാണാന്‍ കൂടുന്നവരെപ്പൊലെ ജനം വട്ടത്തില്‍ തിങ്ങിക്കൂടി നിന്നു. വട്ടത്തിനു നടവില്‍ പ്രശാന്തന്‍. എന്തൊക്കെയോ അലറുന്നുണ്ട്. ജനക്കൂട്ടത്തിന്‍റെ ഇരമ്പല്‍ കാരണം ഒന്നും വ്യക്തമല്ല. ഇടയ്ക്കിടെ കയ്യിലിരിക്കുന്ന കത്തി വീശും. അപ്പോള്‍ ജനത്തിന്‍റെ ആരവം ഒന്ന് അടങ്ങും. ഈ സമയത്താണ്‍ പ്രശാന്തന്‍ അലറുന്നതെന്തെന്ന് അല്‍പ്പമെങ്കിലും വ്യകത്മാവുക. "നീ ഒപ്പിടും അല്ലേടാ... ആഹാാ അതൊന്ന് അറിയണമല്ലോ...നിന്‍റെ കൈ ഞാന്‍ വെട്ടും...കഴുത്തുഞാന്‍ അറുക്കും..."

പ്രശാന്തന്‍ കലികൊണ്ടു വിറയ്ക്കുകയാണ്. പ്രശാന്തന്‍റെ മുന്‍കാല ചരിത്രം അറിയാവുന്ന നാട്ടുകാരും പേടിച്ച് വിറച്ചു. പണ്ട് ബംഗാളിലെ നന്ദിഗ്രാമില്‍ പാവപ്പെട്ട സലിം എന്ന ചെറുപ്പക്കാരന് കാര്‍ വര്‍ക് ഷോപ്പ് കെട്ടാന്‍ സ്ഥലം നല്‍കാതിരുന്ന ക്രൂരന്‍മാരായ പത്തു പതിനഞ്ചു നാട്ടുരാരെ വെടിവച്ചുകൊന്ന സംഘത്തിന്‍റെ തലവനാണ് പ്രശാന്തന്‍. ഇന്ന് ആര്‍ക്കെതിരെയാണോ പ്രശാന്തന്‍റെ കലി...?

കത്തിയുമായി ചീറി നല്‍ക്കുന്ന പ്രശാന്തന്‍ റോഡ് അരികില്‍ വച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ ചവിട്ടി വീഴ്ത്താന്‍ തുടങ്ങി. പ്രശാന്തന്‍ കലിച്ചു നില്‍ക്കുന്നത് അറിയാതെ അതുവഴി ആടിപ്പാടിവന്ന ഒരു തെരുവുനായ്ക്കും കിട്ടി അടിവയറിന് ഒറ്റത്തൊഴി. ഏകദേശം 100 മീറ്റര്‍ അകലെപോയി വീണ നായ "ബെയ്... ബെയ്" എന്ന് കരഞ്ഞുകൊണ്ട് അവിടുന്ന് ഏഴുന്നേറ്റ് ഓടി.

ഇത്രയുമായപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍നിന്ന മറ്റൊരാള്‍ ഊരിപ്പിടിച്ച മറ്റൊരു കത്തിയുമായി പ്രശാന്തന്‍റെ അടുത്തേക്കു മെല്ലെ നടന്നു ചെന്നു. 'ഇതാരെട... കരോട്ടെ പ്രശാന്തനോട് ഏറ്റുമുട്ടാന്‍ മാത്രം ധൈര്യമുള്ളവന്‍? എന്തായാലും അടിയല്ലെ ... കണ്ടുകളയാം' എന്നു ജനക്കൂട്ടം വിചാരിച്ചു. പൊരിഞ്ഞ സംഘട്ടനം തുടങ്ങുന്ന നിമിഷവും കാത്ത് നാട്ടുകാര്‍ ശ്വാസമടക്കിപ്പിടിച്ച് നിന്നു.

നാട്ടുകാരുടെ പ്രതീക്ഷ വെറുതെയായി. കത്തിയുമായി പ്രശാന്തന്‍റെ അടുത്തേയ്ക്കു നടന്നടുത്തയാള്‍ പെട്ടന്ന് ജനത്തിനുനേരെ തിരിഞ്ഞു. - "ആരുണ്ടെടാ കരോട്ടെ ആശാനേം എന്നേ തൊടാന്‍? ധൈര്യമുണ്ടെങ്കില്‍ വാടാ... ആശാന്‍ ഒപ്പിടെണ്ടെന്നു പറഞ്ഞാല്‍ ഒപ്പിടണ്ട. അതെങ്ങാനും ധിക്കരിച്ചാല്‍ അവന്‍റെ തലയെടുക്കുന്നത് ഞാനായിരിക്കും..." കത്തിയുമായി രണ്ടാമതു വന്നയാള്‍ ജനക്കൂട്ടത്തോടായി പറഞ്ഞു.

അപ്പോളാണ് ജനക്കൂട്ത്തിന് ആളെ പിടികിട്ടിയത്. പ്രശാന്തന്‍റെ പരാക്രമം വെറുതേ നോക്കിനിന്നപ്പോള്‍ ആവേശം മൂത്ത എ.ബി. വെറുതനായിരുന്നു അത്.
പിന്നെ രണ്ടുപേരും ചേര്‍ന്ന് ഒരു പരാക്രമമായിരുന്നു. ആശാന്‍ അരുടെയോ തന്തയ്ക്കു വിളിക്കുന്നു... വെറുതന്‍ തന്തേടെ തന്തയ്ക്കു വിളിക്കുന്നു. ആശാന്‍ പരസ്യ ബോര്‍ഡുകള്‍ ചവിട്ടി വീഴ്ത്തുന്നു... വെറുതന്‍ അത് ചവിട്ടി പീസ് പീസ് ആക്കുന്നു. "സമ്രാജ്യത്വം തുലയട്ടെ" എന്ന് ആശാന്‍ വിളിക്കുന്നു. "സാമ്രാജ്യത്വവും മുലാളിത്തവും തലയട്ടെ"... വെറുതാന്‍ വിളിക്കുന്നു- അങ്ങനെ അങ്ങനെ ആശാനും ശിഷ്യനും ഒന്നിനൊന്ന് മെച്ചപ്പെട്ട പെര്‍ഫോമന്‍സ്...

പെര്‍ഫോമന്‍സിനിടയിലുള്ള ആക്രോശങ്ങളില്‍നിന്ന് ജനത്തിന് ഒരു കാര്യം പിടികിട്ടി. മന്‍രോഗന്‍ എന്ന് പേരുള്ള ഒരാള്‍ എവിടെയോ ഒപ്പിടാന്‍ പോകുന്നു. അത് ഇവര്‍ക്ക് പിടിച്ചില്ല. അതാണ് സംഭവം.

20 മിനിറ്റോളം അങ്ങനെ പോയി. അപ്പോള്‍ അതാ ജനക്കൂട്ടത്തിനിടയില്‍നിന്ന് നരച്ചതാടിയുള്ള ഒരാള്‍ പ്രശാന്തന്‍റെയും വെറുതന്‍റെയും അടുത്തേയ്ക്കു നടന്നു വരുന്നു. ഇളം നില തലപ്പാവ്...ആട്ടുകല്ലിന് കാറ്റ് പിടിച്ചപോലെ മെല്ലെയുള്ള നടത്തം. വയലന്‍റായി നില്‍ക്കുന്നവരുടെ അടുത്തേയ്ക്കു വരുമ്പോളും കോമടി കാണുന്നപോലുള്ള ചിരി. ഇദ്ദേഹത്തെ കണ്ടപ്പോള്‍തന്നെ പ്രശാന്തന്‍ ചീറി അടുത്തു - "ദാ വരുന്നടാ വെറുതനേ നമ്മുടെ ശത്രു മന്‍രോഗന്‍. കൊല്ലെടാ അവനെ..."

ഇത്രയുമായപ്പോള്‍ പൂച്ച കരയുന്ന പോലുള്ള ശബ്ദത്തില്‍ മന്‍രോഗന്‍ പറഞ്ഞു - "നില്‍ക്കൂ തലയെടുക്കാന്‍ വരട്ടെ. അതിനു മുന്‍പ് ഒരു നിമിഷം... ഞാന്‍ ഒന്നു പറഞ്ഞോട്ടെ..."

"ഞാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വയലന്‍റാകരുത്. ഇത് ഒരു ടി വി പ്രോഗ്രാമാണ്. ചന്ദ്രാ ടിവിയുടെ 'ധിമികിട' എന്ന പരിപാടിയാണിത്. നിങ്ങളുടെ പെര്‍ഫോമന്‍സ് ഞങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ദാ ആ മരത്തിന്‍രെ മുകളിലേയ്ക്കുനോക്കു ....ഹ ഹ ഹ ഹ.. പറ്റിച്ചേ പറ്റിച്ചേ..."

അടുത്ത സീനില്‍ കരോട്ടെ പ്രശാന്തനും എ.ബി വെറുതനും മന്‍രോഗനും നാട്ടുകാരും നിരന്നു നില്‍ക്കുന്നു. മന്‍രോഗന്‍ കോരോട്ടെ പ്രശാന്തന് ചില പൊതികള്‍ കൈമാറിക്കൊണ്ടു പറയുന്നു - "എന്തായാലും ചേട്ടന്‍റെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. അതിന് ചേട്ടന് ചന്ദ്രാ ടിവ നല്‍കുന്ന സമ്മാനങ്ങള്‍ കൈപ്പറ്റിയാലും... ചറപറയുടെ ഒരു കിലോ അരി, ഒരുഗ്രാം തങ്കം പൊതിഞ്ഞുകൊണ്ടുവന്ന ഒരു കടലാസ്, സുധിമോന്‍ പബ്ളിക്കേഷന്‍സിന്‍റെ വാമൊഴി വഴക്കത്തിന്‍റെ ഏറ്റവും പുതിയ നിഘണ്ടു..."

"ഏനിക്കൊന്നുമില്ലേ" - എന്ന മട്ടില്‍ വെറുതന്‍ ദയനീയമായി ഒന്നു നോക്കി. അപ്പോഴ്‍ മന്‍രോഗന്‍ - "താങ്കള്‍ വിഷമിക്കണ്ട. താങ്കള്‍‍ക്കു മുണ്ട് സമ്മാനം, ബംഗാള്‍ പൈനാപ്പിള്‍ വാലി തേയില നല്‍കുന്ന ഒരു സ്പൂണ്‍ ചായപ്പൊടി. "

അങ്ങനെ ധിമികിടയുടെ ഈ എപ്പിസോഡ് ഇവിടെ പൂര്‍ണമാകുന്നു. വീണ്ടും അടുത്തയാഴ്ച കാണുന്നതുവരെ നന്ദി.. നമസ്കാരം.

(പിന്നെ താളത്തില്‍, എല്ലാവരും ചേര്‍ന്ന്) ധിമികാടാാ...


3 comments:

kalippumachan \ കലിപ്പുമച്ചാന്‍ said...

പറഞ്ഞമാത്രയില്‍ ചന്തക്കവലയില്‍ പൂരപ്പറമ്പുപോലെ ജനത്തിരക്കായി. തെരുവു സര്‍ക്കസ് കാണാന്‍ കൂടുന്നവരെപ്പൊലെ ജനം വട്ടത്തില്‍ തിങ്ങിക്കൂടി നിന്നു. വട്ടത്തിനു നടവില്‍ പ്രശാന്തന്‍. എന്തൊക്കെയോ അലറുന്നുണ്ട്. ജനക്കൂട്ടത്തിന്‍റെ ഇരമ്പല്‍ കാരണം ഒന്നും വ്യക്തമല്ല....

പുള്ളി said...

ക. മ, സംഗതി കൊള്ളാം പക്ഷേ ഒരു സാന്റോസ് ടച്ച്...
qw_er_ty

Sherlock said...

കലിപ്പേ, കൊള്ളാം...:)