ബാലകൃഷ്ണന് മിടുക്കനാണ്. അവന്‍ എന്നും അതിരാവിലെ എഴുന്നേല്‍ക്കും. പ്രഭാത ക്രൂരകൃത്യങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഇറങ്ങുന്ന മിക്ക പത്രങ്ങളും വായിക്കും. പത്രവായന എന്നു പറഞ്ഞാല്‍ പത്രത്തിലെ എല്ലാ വാര്‍ത്തകളും ബാലകൃഷ്ണന്‍ വായിക്കില്ല. അനാവശ്യ വിവാദങ്ങള്‍, കോഴ സംഭവങ്ങള്‍, അഴിമതിക്കഥകള്‍... എല്ലാം ഒഴിവാക്കും. പിന്നെയോ... ഇന്നത്തെ പരിപാടി, സിനിമ, ടിവി\റേഡിയോ പരിപാടികള്‍, പരസ്യങ്ങള്‍ ഇവയെല്ലാമാണ് വായിക്കുക.
പത്രം വായനകഴിഞ്ഞാല്‍ ഓഫിസില്‍ പോകാനുള്ള തയാറെടുപ്പാണ്. കുളി... ഭക്ഷണം... കുളി വിശാലമല്ലെങ്കിലും ഭക്ഷണം ആ കുറവു നികത്തും. നന്നായി കഴിക്കണം. അത് ചെറുപ്പംതൊട്ടുള്ള ശീലമാണ്. ഭക്ഷണം കഴിഞ്ഞാല്‍ തൂവെള്ള ഷര്‍ട്ടും മുണ്ടും അണിയും. തലമുടി ജല്‍ പുരട്ടി ഒതിക്കി ചീകും. പണ്ട് ജല്ലിനു പകരം വെളിച്ചെണ്ണയായിരുന്നു. അത് കണ്ട്രീ സ്വഭവമാണെന്നു മനസിലായപ്പോള്‍ മാറ്റി. പിന്നെ കണ്ണാടിയില്‍ നോക്കി ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നിട്ട് ഒറ്റപ്പോക്കാണ് ഓഫിസിലേയ്ക്ക്.
ഓഫിസില്‍ പോകുന്ന വഴിയുടെ ഇരുവശത്തേക്കും ബാലകൃഷ്ണന്‍ നോക്കില്ല. നോക്കിയാല്‍ എന്തെല്ലാം കാണേണ്ടിവരും. ചിലതിലെങ്കിലും ഇടപെടേണ്ടി വരും. അതൊന്നും ബാലകൃഷ്ണനു പറ്റില്ല. അനാവശ്യ വിവാദങ്ങള്‍ക്കില്ല... അതാണ് നയം.
ഓഫിസില്‍ എത്തിയാല്‍ ചെയ്യാനുള്ള ജോലികള്‍ അടുക്കോടെയും ചിട്ടയോടെയും ചെയ്യും. സഹപ്രവര്‍ത്തകരോടും കിഴുദ്യോഗസ്ഥരോടും മാന്യമായും സ്നേഹത്തോടെയും പെരുമാറും,എന്നുവച്ച് അവര്‍ തെറ്റുചെയ്താലോ... ഉപദേശിച്ചു നേരെയാക്കാന്‍ നോക്കും. എന്നിട്ടും നേരെയാവുന്നില്ലെങ്കില്‍ നല്ല കിഴുക്കു കൊടുക്കാനും ബാലകൃഷ്ണനു മടിയില്ല.
ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥത കാരണം മിക്കപ്പോഴും ബാലകൃഷ്ണനു തിരക്കാണ്.
എന്താ എന്റെ ബാലാ ഇത്. ഇങ്ങനെ ജോലിയ ചെയ്യാമോ...? വീട്ടു കാര്യങ്ങളൊക്കെ ഇടയ്ക്കെങ്കിലും ശ്രദ്ധിക്കണ്ടെ...? രണ്ടു പിള്ളേരൊള്ളത് വല്ലതും തിന്നോ, കഞ്ഞിവയ്ക്കാന്‍ വീട്ടിന്‍ അരിയും സാധനങ്ങളും ഉണ്ടോ എന്നൊക്കെ ഒന്നു നോക്കണ്ടെ... - സഹ പ്രവര്‍ത്തകരും സുഹൃത്തുക്കളും എപ്പോഴും ബാലനെ ഇങ്ങനെയെല്ലാം ഉപദേശിക്കാറുണ്ട്. എന്നാലും സ്വന്തം ജോലി നന്നായി ചെയ്യുന്നതിലുള്ള ശുഷ്കാന്തി ബാലകൃഷ്ണന് ഒട്ടും കുറഞ്ഞിട്ടില്ല.
സുപ്രധാനമായ രണ്ടു വകുപ്പുകളുടെ ഭരണച്ചുമതലയാണ് ബാലകൃഷ്ണനു നല്‍കിയിരിക്കുന്നത്. ആഭ്യന്തരം, ടൂറിസം. രണ്ടു വകുപ്പുകളിലും ഒരു കുറവും വരരുത്. അതാണ് ബാലനന്‍റെ ആഗ്രഹം. അതിനു വേണ്ടി എന്തു ത്യാഗവും സഹിക്കും. എത്ര കിലോമീറ്റര്‍ വേണമെങ്കിലും യാത്ര ചെയ്യും.
പൊലീസിലെയും വിജിലന്‍സിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയെന്നതാണ് ബാലകൃഷ്ണന്‍ നേരിട്ട വെല്ലുവിളികളില്‍ ഒന്ന്. അതിന് ഏറെ പണിപ്പെട്ടാണ് ഒരു പോംവഴി കണ്ടെത്തിതയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയെല്ലാം ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ചു. ഇപ്പോള്‍ അവരെ സദാസമയം നിരീക്ഷണത്തിനു വിധേയരാക്കാം. ഉന്നത പദവികളിലാകുമ്പോള്‍ ദിവസം രണ്ടുവട്ടമെങ്കിലും ഫോണില്‍ ബന്ധപ്പെടാന്‍ അവര്‍ നിര്‍ബന്ധിതരാകും. ആഴിചയില്‍ ഒന്നെങ്കിലും നേരില്‍ കാണേണ്ടിവരും. അപ്പോള്‍ അവര്‍ കാര്യമായി അഴിമതി നടത്തില്ലല്ലോ. എങ്ങനെയുണ്ടു ബാലന്‍റെ ബുദ്ധി.
ഹവാല ഇടപാടുകാര്‍ കേരളത്തില്‍ നടത്തുന്ന അഴിഞ്ഞാട്ടം ഭയങ്കരമാണ്. എത്ര ശ്രമിച്ചിട്ടും അവരുടെ നെറ്റ്വര്‍ക്ക് എന്തെന്നു പിടികിട്ടുന്നില്ല. അത് പഠിക്കാന്‍ ഇപ്പോള്‍ അല്‍പ്പം ഹാവസ ബിസിനസ് തുടങ്ങിയിട്ടുണ്ട് ബാലകൃഷ്ണന്‍. ആ വിദ്യ ഏറ്റു. ബാലന്‍റെ 60 ലക്ഷം ഹാവല പണം അടിച്ചോണ്ടു പോയി ചിലര്‍. അതുകൊണ്ട് അവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചു. പിടിയിലായതോ... ഈ രംഗത്തെ വമ്പന്‍ കോടാലി ശ്രീധരനും സംഘവും.
ഇങ്ങനെ ബാലന്‍ ഭംഗിയായ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഫാരിസ്, ലിസ്, മാര്‍ട്ടിന്‍ എന്നെല്ലാം പരഞ്ഞ് ചിലര്‍ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത്. ബാലന്‍ ആരാമോന്‍. കോടിയേരിയല്ലേ നാട്. ആന പിടിച്ചാലും ഇളകില്ല. വിവാദത്തിന് ബാലന്‍ ഇല്ലേ ഇല്ല.
Wednesday, August 8, 2007
Subscribe to:
Posts (Atom)