Wednesday, August 22, 2007

വയലന്‍റായ പ്രശാന്തന്‍ അഥവാ ശാന്തനാകൂ പ്രശാന്താ...

"ഇന്നു ഞാന്‍ അവന്‍റെ തലയെടുക്കും" എന്ന് ആക്രോശിച്ച് പ്രശാന്തന്‍ ചന്തക്കവലയിലേയ്ക്കു പാഞ്ഞു. കയ്യില്‍ ഊരിപ്പിടിച്ച കത്തി. ദേഷ്യംകൊണ്ട് വിറയ്ക്കുന്ന മൂക്ക്. വലിഞ്ഞു മുറുകിയ ഞരമ്പുകളും പേശികളും. പല്ലുകടിക്കുന്ന ശബ്ദം കേട്ടാല്‍ ഇല്ലിത്തുറുവിനു കാറ്റുപിടിച്ചതാണെന്നു തോന്നും. അത്രയ്ക്കുണ്ടു പ്രശാന്തന്‍റെ ദേഷ്യം.

പ്രശാന്തന്‍‍ 'ഇടഞ്ഞ' വാര്‍ത്ത ഞൊടിയിടയില്‍ നാടാകെ പരന്നു. കേട്ടവര്‍ കേട്ടവര്‍ ചന്തമുക്കിലേയ്ക്കു പാഞ്ഞു. കരോട്ടെ പ്രശാന്തനെ അവര്‍ക്ക് നന്നായി അറിയാം. അവന്‍ കത്തി ഊരിയാല്‍ ഗൂര്‍ഖകള്‍ ഊരുന്നതു പോലെയാണ്. ചോര കാണാതെ ഉറയില്‍ തിരികെ ഇടില്ല. ഇന്ന് എന്തെങ്കിലും നടക്കും തീര്‍ച്ച.

പറഞ്ഞമാത്രയില്‍ ചന്തക്കവലയില്‍ പൂരപ്പറമ്പുപോലെ ജനത്തിരക്കായി. തെരുവു സര്‍ക്കസ് കാണാന്‍ കൂടുന്നവരെപ്പൊലെ ജനം വട്ടത്തില്‍ തിങ്ങിക്കൂടി നിന്നു. വട്ടത്തിനു നടവില്‍ പ്രശാന്തന്‍. എന്തൊക്കെയോ അലറുന്നുണ്ട്. ജനക്കൂട്ടത്തിന്‍റെ ഇരമ്പല്‍ കാരണം ഒന്നും വ്യക്തമല്ല. ഇടയ്ക്കിടെ കയ്യിലിരിക്കുന്ന കത്തി വീശും. അപ്പോള്‍ ജനത്തിന്‍റെ ആരവം ഒന്ന് അടങ്ങും. ഈ സമയത്താണ്‍ പ്രശാന്തന്‍ അലറുന്നതെന്തെന്ന് അല്‍പ്പമെങ്കിലും വ്യകത്മാവുക. "നീ ഒപ്പിടും അല്ലേടാ... ആഹാാ അതൊന്ന് അറിയണമല്ലോ...നിന്‍റെ കൈ ഞാന്‍ വെട്ടും...കഴുത്തുഞാന്‍ അറുക്കും..."

പ്രശാന്തന്‍ കലികൊണ്ടു വിറയ്ക്കുകയാണ്. പ്രശാന്തന്‍റെ മുന്‍കാല ചരിത്രം അറിയാവുന്ന നാട്ടുകാരും പേടിച്ച് വിറച്ചു. പണ്ട് ബംഗാളിലെ നന്ദിഗ്രാമില്‍ പാവപ്പെട്ട സലിം എന്ന ചെറുപ്പക്കാരന് കാര്‍ വര്‍ക് ഷോപ്പ് കെട്ടാന്‍ സ്ഥലം നല്‍കാതിരുന്ന ക്രൂരന്‍മാരായ പത്തു പതിനഞ്ചു നാട്ടുരാരെ വെടിവച്ചുകൊന്ന സംഘത്തിന്‍റെ തലവനാണ് പ്രശാന്തന്‍. ഇന്ന് ആര്‍ക്കെതിരെയാണോ പ്രശാന്തന്‍റെ കലി...?

കത്തിയുമായി ചീറി നല്‍ക്കുന്ന പ്രശാന്തന്‍ റോഡ് അരികില്‍ വച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ ചവിട്ടി വീഴ്ത്താന്‍ തുടങ്ങി. പ്രശാന്തന്‍ കലിച്ചു നില്‍ക്കുന്നത് അറിയാതെ അതുവഴി ആടിപ്പാടിവന്ന ഒരു തെരുവുനായ്ക്കും കിട്ടി അടിവയറിന് ഒറ്റത്തൊഴി. ഏകദേശം 100 മീറ്റര്‍ അകലെപോയി വീണ നായ "ബെയ്... ബെയ്" എന്ന് കരഞ്ഞുകൊണ്ട് അവിടുന്ന് ഏഴുന്നേറ്റ് ഓടി.

ഇത്രയുമായപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍നിന്ന മറ്റൊരാള്‍ ഊരിപ്പിടിച്ച മറ്റൊരു കത്തിയുമായി പ്രശാന്തന്‍റെ അടുത്തേക്കു മെല്ലെ നടന്നു ചെന്നു. 'ഇതാരെട... കരോട്ടെ പ്രശാന്തനോട് ഏറ്റുമുട്ടാന്‍ മാത്രം ധൈര്യമുള്ളവന്‍? എന്തായാലും അടിയല്ലെ ... കണ്ടുകളയാം' എന്നു ജനക്കൂട്ടം വിചാരിച്ചു. പൊരിഞ്ഞ സംഘട്ടനം തുടങ്ങുന്ന നിമിഷവും കാത്ത് നാട്ടുകാര്‍ ശ്വാസമടക്കിപ്പിടിച്ച് നിന്നു.

നാട്ടുകാരുടെ പ്രതീക്ഷ വെറുതെയായി. കത്തിയുമായി പ്രശാന്തന്‍റെ അടുത്തേയ്ക്കു നടന്നടുത്തയാള്‍ പെട്ടന്ന് ജനത്തിനുനേരെ തിരിഞ്ഞു. - "ആരുണ്ടെടാ കരോട്ടെ ആശാനേം എന്നേ തൊടാന്‍? ധൈര്യമുണ്ടെങ്കില്‍ വാടാ... ആശാന്‍ ഒപ്പിടെണ്ടെന്നു പറഞ്ഞാല്‍ ഒപ്പിടണ്ട. അതെങ്ങാനും ധിക്കരിച്ചാല്‍ അവന്‍റെ തലയെടുക്കുന്നത് ഞാനായിരിക്കും..." കത്തിയുമായി രണ്ടാമതു വന്നയാള്‍ ജനക്കൂട്ടത്തോടായി പറഞ്ഞു.

അപ്പോളാണ് ജനക്കൂട്ത്തിന് ആളെ പിടികിട്ടിയത്. പ്രശാന്തന്‍റെ പരാക്രമം വെറുതേ നോക്കിനിന്നപ്പോള്‍ ആവേശം മൂത്ത എ.ബി. വെറുതനായിരുന്നു അത്.
പിന്നെ രണ്ടുപേരും ചേര്‍ന്ന് ഒരു പരാക്രമമായിരുന്നു. ആശാന്‍ അരുടെയോ തന്തയ്ക്കു വിളിക്കുന്നു... വെറുതന്‍ തന്തേടെ തന്തയ്ക്കു വിളിക്കുന്നു. ആശാന്‍ പരസ്യ ബോര്‍ഡുകള്‍ ചവിട്ടി വീഴ്ത്തുന്നു... വെറുതന്‍ അത് ചവിട്ടി പീസ് പീസ് ആക്കുന്നു. "സമ്രാജ്യത്വം തുലയട്ടെ" എന്ന് ആശാന്‍ വിളിക്കുന്നു. "സാമ്രാജ്യത്വവും മുലാളിത്തവും തലയട്ടെ"... വെറുതാന്‍ വിളിക്കുന്നു- അങ്ങനെ അങ്ങനെ ആശാനും ശിഷ്യനും ഒന്നിനൊന്ന് മെച്ചപ്പെട്ട പെര്‍ഫോമന്‍സ്...

പെര്‍ഫോമന്‍സിനിടയിലുള്ള ആക്രോശങ്ങളില്‍നിന്ന് ജനത്തിന് ഒരു കാര്യം പിടികിട്ടി. മന്‍രോഗന്‍ എന്ന് പേരുള്ള ഒരാള്‍ എവിടെയോ ഒപ്പിടാന്‍ പോകുന്നു. അത് ഇവര്‍ക്ക് പിടിച്ചില്ല. അതാണ് സംഭവം.

20 മിനിറ്റോളം അങ്ങനെ പോയി. അപ്പോള്‍ അതാ ജനക്കൂട്ടത്തിനിടയില്‍നിന്ന് നരച്ചതാടിയുള്ള ഒരാള്‍ പ്രശാന്തന്‍റെയും വെറുതന്‍റെയും അടുത്തേയ്ക്കു നടന്നു വരുന്നു. ഇളം നില തലപ്പാവ്...ആട്ടുകല്ലിന് കാറ്റ് പിടിച്ചപോലെ മെല്ലെയുള്ള നടത്തം. വയലന്‍റായി നില്‍ക്കുന്നവരുടെ അടുത്തേയ്ക്കു വരുമ്പോളും കോമടി കാണുന്നപോലുള്ള ചിരി. ഇദ്ദേഹത്തെ കണ്ടപ്പോള്‍തന്നെ പ്രശാന്തന്‍ ചീറി അടുത്തു - "ദാ വരുന്നടാ വെറുതനേ നമ്മുടെ ശത്രു മന്‍രോഗന്‍. കൊല്ലെടാ അവനെ..."

ഇത്രയുമായപ്പോള്‍ പൂച്ച കരയുന്ന പോലുള്ള ശബ്ദത്തില്‍ മന്‍രോഗന്‍ പറഞ്ഞു - "നില്‍ക്കൂ തലയെടുക്കാന്‍ വരട്ടെ. അതിനു മുന്‍പ് ഒരു നിമിഷം... ഞാന്‍ ഒന്നു പറഞ്ഞോട്ടെ..."

"ഞാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വയലന്‍റാകരുത്. ഇത് ഒരു ടി വി പ്രോഗ്രാമാണ്. ചന്ദ്രാ ടിവിയുടെ 'ധിമികിട' എന്ന പരിപാടിയാണിത്. നിങ്ങളുടെ പെര്‍ഫോമന്‍സ് ഞങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ദാ ആ മരത്തിന്‍രെ മുകളിലേയ്ക്കുനോക്കു ....ഹ ഹ ഹ ഹ.. പറ്റിച്ചേ പറ്റിച്ചേ..."

അടുത്ത സീനില്‍ കരോട്ടെ പ്രശാന്തനും എ.ബി വെറുതനും മന്‍രോഗനും നാട്ടുകാരും നിരന്നു നില്‍ക്കുന്നു. മന്‍രോഗന്‍ കോരോട്ടെ പ്രശാന്തന് ചില പൊതികള്‍ കൈമാറിക്കൊണ്ടു പറയുന്നു - "എന്തായാലും ചേട്ടന്‍റെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. അതിന് ചേട്ടന് ചന്ദ്രാ ടിവ നല്‍കുന്ന സമ്മാനങ്ങള്‍ കൈപ്പറ്റിയാലും... ചറപറയുടെ ഒരു കിലോ അരി, ഒരുഗ്രാം തങ്കം പൊതിഞ്ഞുകൊണ്ടുവന്ന ഒരു കടലാസ്, സുധിമോന്‍ പബ്ളിക്കേഷന്‍സിന്‍റെ വാമൊഴി വഴക്കത്തിന്‍റെ ഏറ്റവും പുതിയ നിഘണ്ടു..."

"ഏനിക്കൊന്നുമില്ലേ" - എന്ന മട്ടില്‍ വെറുതന്‍ ദയനീയമായി ഒന്നു നോക്കി. അപ്പോഴ്‍ മന്‍രോഗന്‍ - "താങ്കള്‍ വിഷമിക്കണ്ട. താങ്കള്‍‍ക്കു മുണ്ട് സമ്മാനം, ബംഗാള്‍ പൈനാപ്പിള്‍ വാലി തേയില നല്‍കുന്ന ഒരു സ്പൂണ്‍ ചായപ്പൊടി. "

അങ്ങനെ ധിമികിടയുടെ ഈ എപ്പിസോഡ് ഇവിടെ പൂര്‍ണമാകുന്നു. വീണ്ടും അടുത്തയാഴ്ച കാണുന്നതുവരെ നന്ദി.. നമസ്കാരം.

(പിന്നെ താളത്തില്‍, എല്ലാവരും ചേര്‍ന്ന്) ധിമികാടാാ...


Thursday, August 16, 2007

കിങ്ങിണിമോന് നാളെയാണ് പരീക്ഷ

തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും കമഴ്ന്നും കിടന്നിട്ടും കരുണന്‍ മാഷിന് ഉറക്കംവന്നില്ല. നാളെയാണ് അരുമ മകന്‍ കിങ്ങിണിമോന്‍റെ പ്രവേശന പരീക്ഷ. കേരളത്തിലെ സകല സ്വാശ്രയ കോളജിലും മാറി മാറി അഡ്മിഷന്‍ വാങ്ങിക്കൊടുത്തിട്ടും ഇട്ടെറിഞ്ഞു കളഞ്ഞു കിങ്ങിണിമോന്‍. അവസാന ശ്രമമാണ് നാളത്തെ പരീക്ഷ. അത് പാസായില്ലെങ്കില്‍!!! ഹോ... ആലോചിച്ചിട്ട് ഒരു തുമ്പും കിട്ടാതെ കരുണന്‍മാഷ് കട്ടിലില്‍നിന്ന് എഴുന്നേറ്റ് പഴയ കാര്യങ്ങള്‍ ഓരോന്ന് ആലോചിച്ച് വരാന്തയില്‍ അങ്ങോട്ടും ഇങ്ങോടും നടന്നു.

എങ്ങനെ വളര്‍ത്തിയ മകനാണ്. അവന്‍ ഇങ്ങനെ വഴിപിഴച്ചു പോയത് എങ്ങനെയാണ്. ഹാ... അതൊക്കെ ഇനി പറഞ്ഞിട്ട് എന്താ കാര്യം. പോയതു പോട്ടെ. ഇനിയെങ്കിലും അവനെ ഒന്നു മിടുക്കനാക്കണം. നാളെ പരീക്ഷ നടക്കുന്ന യു.ഡി.എഫ്. കോളജില്‍ തല്‍ക്കാലം സീറ്റ് ഒഴിവൊന്നും ഇല്ലെന്നാണ് മാനേജര്‍ പി.പി. തങ്കപ്പന്‍ പറയുന്നത്. എന്നാലും പരീ്കഷ എഴുതട്ടെ. മിടുക്ക് തെളിയിക്കുകയാണെങ്കില്‍ തങ്കപ്പനെ ഒന്ന് നിര്‍ബന്ധിച്ചാല്‍ ചിലപ്പൊ അഡ്മിഷന്‍ തരപ്പെട്ടേക്കും.

പെരുമ്പാവൂര് ചില്ലറ തടിക്കച്ചോടവും പള്ളിക്കമ്മിറ്റിയുമൊക്കെയായി നടന്ന തങ്കപ്പനെ പണ്ട് ആദ്യം താനാണല്ലോ മാനേജരാക്കിയത്. അതിന്‍റെ നന്ദി കാണാതിരിക്കില്ല. തങ്കപ്പന്‍ ആള് പാവമാണ്. മറ്റ് ചില പഴയ ശിശ്യന്‍മാരെപ്പോലെ കാണുമ്പോള്‍ മുണ്ട് പൊക്കി കാണിക്കാറില്ല. അതു തന്നെ മഹാഭാഗ്യം.

കഴുതപ്പുലി റാവുവിനെ പുട്ടുപോലെ പ്രധാനമന്ത്രിയിക്കായ കാലമല്ലല്ലോ ഇത്. അങ്ങനെയാണെങ്കില്‍ മാഡത്തെ മണിയടിച്ച് മനരോഗന്‍ സിങ്ങിനെ താഴെയിറക്കി കിങ്ങിണിമോന് ഡല്‍ഹിയില്‍ സീറ്റ് തരപ്പെടുത്തിയേനെ. അതൊന്നും ഇപ്പൊ നടപ്പില്ല.

കിങ്ങിണിമോനാണെങ്കില്‍ പ്രസംഗത്തിലൊന്നും പളയപോലെ ശോഭിക്കുന്നില്ല. ഉണ്ണിത്താന്‍ ആശാന്‍റെ ട്യൂഷന്‍ നിന്ന് പോയതാണ് അടിയായത്. പകരം ഒരാശാനെ കണ്ടെത്താന്‍ ഇതുവരെ പറ്റിയിട്ടുമില്ല.

മകള്‍ കൊഞ്ഞജയുടെ ബുദ്ധി പോലും കിങ്ങിണിമോന് ഇല്ലാതെ പോയല്ലോ എന്‍റെ ഗുരുവായൂരപ്പാ. അവളാണെങ്കില്‍ ഇപ്പോ ഏത് കോളജിലാണെന്ന് കോളജ് നടത്തിപ്പുകാര്‍ക്കും അവള്‍ക്കും തനിക്കുപോലും അറിയില്ല. അങ്ങനെ വേണം മക്കളായാല്‍.

എന്തായാലും നാളെ പരീക്ഷ എഴുതികതന്നെ...

കിങ്ങിണിമോന്‍ ഇതുവരെ ഉറങ്ങിയില്ലെന്നു തോന്നുന്നു. മുറിയില്‍ വെളിച്ചം കാണാം. പാവം പഠിക്കുകയായിരിക്കും. ഇത്രകാലം പഠിച്ച "ഇടത് മതേതര" പുസ്തകം മുഴുവന്‍ പാഴായില്ലേ...

Wednesday, August 8, 2007

അറ്ഞ്ഞോ...? ബാലന് ഒന്നാം റാങ്ക്

ബാലകൃഷ്ണന്‍ മിടുക്കനാണ്. അവന്‍ എന്നും അതിരാവിലെ എഴുന്നേല്‍ക്കും. പ്രഭാത ക്രൂരകൃത്യങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഇറങ്ങുന്ന മിക്ക പത്രങ്ങളും വായിക്കും. പത്രവായന എന്നു പറഞ്ഞാല്‍ പത്രത്തിലെ എല്ലാ വാര്‍ത്തകളും ബാലകൃഷ്ണന്‍ വായിക്കില്ല. അനാവശ്യ വിവാദങ്ങള്‍, കോഴ സംഭവങ്ങള്‍, അഴിമതിക്കഥകള്‍... എല്ലാം ഒഴിവാക്കും. പിന്നെയോ... ഇന്നത്തെ പരിപാടി, സിനിമ, ടിവി\റേഡിയോ പരിപാടികള്‍, പരസ്യങ്ങള്‍ ഇവയെല്ലാമാണ് വായിക്കുക.

പത്രം വായനകഴിഞ്ഞാല്‍ ഓഫിസില്‍ പോകാനുള്ള തയാറെടുപ്പാണ്. കുളി... ഭക്ഷണം... കുളി വിശാലമല്ലെങ്കിലും ഭക്ഷണം ആ കുറവു നികത്തും. നന്നായി കഴിക്കണം. അത് ചെറുപ്പംതൊട്ടുള്ള ശീലമാണ്. ഭക്ഷണം കഴിഞ്ഞാല്‍ തൂവെള്ള ഷര്‍ട്ടും മുണ്ടും അണിയും. തലമുടി ജല്‍ പുരട്ടി ഒതിക്കി ചീകും. പണ്ട് ജല്ലിനു പകരം വെളിച്ചെണ്ണയായിരുന്നു. അത് കണ്ട്രീ സ്വഭവമാണെന്നു മനസിലായപ്പോള്‍ മാറ്റി. പിന്നെ കണ്ണാടിയില്‍ നോക്കി ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നിട്ട് ഒറ്റപ്പോക്കാണ് ഓഫിസിലേയ്ക്ക്.

ഓഫിസില്‍ പോകുന്ന വഴിയുടെ ഇരുവശത്തേക്കും ബാലകൃഷ്ണന്‍ നോക്കില്ല. നോക്കിയാല്‍ എന്തെല്ലാം കാണേണ്ടിവരും. ചിലതിലെങ്കിലും ഇടപെടേണ്ടി വരും. അതൊന്നും ബാലകൃഷ്ണനു പറ്റില്ല. അനാവശ്യ വിവാദങ്ങള്‍ക്കില്ല... അതാണ് നയം.

ഓഫിസില്‍ എത്തിയാല്‍ ചെയ്യാനുള്ള ജോലികള്‍ അടുക്കോടെയും ചിട്ടയോടെയും ചെയ്യും. സഹപ്രവര്‍ത്തകരോടും കിഴുദ്യോഗസ്ഥരോടും മാന്യമായും സ്നേഹത്തോടെയും പെരുമാറും,എന്നുവച്ച് അവര്‍ തെറ്റുചെയ്താലോ... ഉപദേശിച്ചു നേരെയാക്കാന്‍ നോക്കും. എന്നിട്ടും നേരെയാവുന്നില്ലെങ്കില്‍ നല്ല കിഴുക്കു കൊടുക്കാനും ബാലകൃഷ്ണനു മടിയില്ല.


ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥത കാരണം മിക്കപ്പോഴും ബാലകൃഷ്ണനു തിരക്കാണ്.

എന്താ എന്റെ ബാലാ ഇത്. ഇങ്ങനെ ജോലിയ ചെയ്യാമോ...? വീട്ടു കാര്യങ്ങളൊക്കെ ഇടയ്ക്കെങ്കിലും ശ്രദ്ധിക്കണ്ടെ...? രണ്ടു പിള്ളേരൊള്ളത് വല്ലതും തിന്നോ, കഞ്ഞിവയ്ക്കാന്‍ വീട്ടിന്‍ അരിയും സാധനങ്ങളും ഉണ്ടോ എന്നൊക്കെ ഒന്നു നോക്കണ്ടെ... - സഹ പ്രവര്‍ത്തകരും സുഹൃത്തുക്കളും എപ്പോഴും ബാലനെ ഇങ്ങനെയെല്ലാം ഉപദേശിക്കാറുണ്ട്. എന്നാലും സ്വന്തം ജോലി നന്നായി ചെയ്യുന്നതിലുള്ള ശുഷ്കാന്തി ബാലകൃഷ്ണന് ഒട്ടും കുറഞ്ഞിട്ടില്ല.

സുപ്രധാനമായ രണ്ടു വകുപ്പുകളുടെ ഭരണച്ചുമതലയാണ് ബാലകൃഷ്ണനു നല്‍കിയിരിക്കുന്നത്. ആഭ്യന്തരം, ടൂറിസം. രണ്ടു വകുപ്പുകളിലും ഒരു കുറവും വരരുത്. അതാണ് ബാലനന്‍റെ ആഗ്രഹം. അതിനു വേണ്ടി എന്തു ത്യാഗവും സഹിക്കും. എത്ര കിലോമീറ്റര്‍ വേണമെങ്കിലും യാത്ര ചെയ്യും.

പൊലീസിലെയും വിജിലന്‍സിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയെന്നതാണ് ബാലകൃഷ്ണന്‍ നേരിട്ട വെല്ലുവിളികളില്‍ ഒന്ന്. അതിന് ഏറെ പണിപ്പെട്ടാണ് ഒരു പോംവഴി കണ്ടെത്തിതയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയെല്ലാം ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ചു. ഇപ്പോള്‍ അവരെ സദാസമയം നിരീക്ഷണത്തിനു വിധേയരാക്കാം. ഉന്നത പദവികളിലാകുമ്പോള്‍ ദിവസം രണ്ടുവട്ടമെങ്കിലും ഫോണില്‍ ബന്ധപ്പെടാന്‍ അവര്‍ നിര്‍ബന്ധിതരാകും. ആഴിചയില്‍ ഒന്നെങ്കിലും നേരില്‍ കാണേണ്ടിവരും. അപ്പോള്‍ അവര്‍ കാര്യമായി അഴിമതി നടത്തില്ലല്ലോ. എങ്ങനെയുണ്ടു ബാലന്‍റെ ബുദ്ധി.

ഹവാല ഇടപാടുകാര്‍ കേരളത്തില്‍ നടത്തുന്ന അഴിഞ്ഞാട്ടം ഭയങ്കരമാണ്. എത്ര ശ്രമിച്ചിട്ടും അവരുടെ നെറ്റ്വര്‍ക്ക് എന്തെന്നു പിടികിട്ടുന്നില്ല. അത് പഠിക്കാന്‍ ഇപ്പോള്‍ അല്‍പ്പം ഹാവസ ബിസിനസ് തുടങ്ങിയിട്ടുണ്ട് ബാലകൃഷ്ണന്‍. ആ വിദ്യ ഏറ്റു. ബാലന്‍റെ 60 ലക്ഷം ഹാവല പണം അടിച്ചോണ്ടു പോയി ചിലര്‍. അതുകൊണ്ട് അവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചു. പിടിയിലായതോ... ഈ രംഗത്തെ വമ്പന്‍ കോടാലി ശ്രീധരനും സംഘവും.

ഇങ്ങനെ ബാലന്‍ ഭംഗിയായ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഫാരിസ്, ലിസ്, മാര്‍ട്ടിന്‍ എന്നെല്ലാം പരഞ്ഞ് ചിലര്‍ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത്. ബാലന്‍ ആരാമോന്‍. കോടിയേരിയല്ലേ നാട്. ആന പിടിച്ചാലും ഇളകില്ല. വിവാദത്തിന് ബാലന്‍ ഇല്ലേ ഇല്ല.

Sunday, July 29, 2007

സക്കാത്ത്

ഇത്ര പീഡനം സഹിക്കാന്‍ മാത്രം ഈ പാര്‍ട്ടി എന്തു പാതകമാണു ചെയ്തത്? അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്‍റെ ഉന്നമനത്തിന് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നത് ഇത്രയധികം ശത്രുക്കളെ ക്ഷണിച്ചുവരുത്തുമെന്ന് മുന്‍കാല നേതാക്കള്‍ ആരും പാര്‍ട്ടി ക്ളാസുകളില്‍ പഠിപ്പിച്ചു തന്നിട്ടില്ല.

ബൂര്‍ഷ്വാകള്‍ക്കും, കുത്തകകള്‍ക്കും, അഴിമതിക്കാര്‍ക്കും എതിരെയും സമൂഹത്തിലെ അനാചാരങ്ങള്‍‍ക്കും, അന്ധവിശ്വാസങ്ങള്‍‍ക്കുമെല്ലാം എതിരെയും പോരാട്ടത്തിനിറങ്ങുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികം. പക്ഷേ ഈ പോരാട്ടങ്ങളെ പിന്‍താങ്ങേണ്ടതിനു പകരം പാര്‍ട്ടിയെയും അതിന്‍റെ നേതാക്കളെയും ആക്ഷേപിക്കാന്‍ നാട്ടുകാരൊന്നാകെ ഇറങ്ങിത്തിരിച്ചത് വേദനാജനകംതന്നെ. ചില സിന്‍ഡിക്കറ്റ് മാധ്യമങ്ങളാണെങ്കില്‍ ഈ എതിര്‍പ്പിന്‍റെ മൂര്‍ച്ച കൂട്ടാന്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പരിപാടിയുമായി രംഗത്തിറങ്ങിയിരിക്കുന്നു.

എന്താണ് ഈ പാര്‍ട്ടി ചെയ്ത തെറ്റ്? കണ്ണൂരിലെ ചുറുചുറുക്കുളള സഖാക്കള്‍ വെറുതെയിരുന്നു മടുക്കാതിരിക്കാന്‍ ഒരു ഫുട്ബോള്‍ മത്സരം നടത്തിയത് ഇത്ര വലിയ തെറ്റാണോ? 1990കളിലെ ട്രന്‍റുവച്ച് പാര്‍ട്ടി കണക്കാക്കിയത് 2005ഓടെ ആഴ്ച്ചയില്‍ ശരാശരി ഒരു വര്‍ഗശത്രുവിനെ വീതം നിഗ്രഹിക്കേണ്ടി വരുമെന്നായിരുന്നു. ഇതു മനസില്‍ കണ്ടാണ് പാര്‍ട്ടി ഊര്‍ജം സംഭരിച്ചത്. ഉൗര്‍ജം നിര്‍മിക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്ന് പണ്ട് കണ്ടുപിടിച്ചതാണ് പുലിവാലായത്. സംഭരിച്ച ഊര്‍ജമെല്ലാം ഇനി എന്തുചെയ്യു.

പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ പാടേ തെറ്റിച്ച് വര്‍ഗശത്രുക്കള്‍ പ്രതീക്ഷിച്ചതിലും നേരത്തെ പത്തിമടക്കി. ഇടക്ക് ചെങ്കോട്ടയില്‍ കൊടിപൊക്കാനും പ്രസംഗിക്കാനും അവസരം കിട്ടിയപ്പൊ സ്ഥിരം കവാത്തുകാരായ ശത്രുക്കള്‍ കവാത്തു മറന്നു. കമ്മ്യൂണിസ്റ്റുകാരല്ല, കവാത്തിനിടയ്ക്കു കാലുവാരുന്ന സ്വാന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് യഥാര്‍ഥ ശത്രുക്കളെന്നു തിരിച്ചറിഞ്ഞ ബി.ജെ.പി. പാര്‍ട്ടിക്കുള്ളിലെ പോരാട്ടം ശക്തമാക്കി. കായികമുറകള്‍ പാര്‍ട്ടിക്കുള്ളില്‍ മതി... പുറത്തുള്ള ശത്രുക്കളെ തെറിവിളിക്കാം. വെട്ടുകയും കുത്തുകയും കൊല്ലുകയും ഒന്നും വേണ്ട- ഇതായി അവരുടെ ലൈന്‍.

വര്‍ഗ ശത്രുക്കളുടെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ കോണ്‍ഗ്രസുകാരാവട്ടെ ഗാന്ധിയന്‍ ആശയങ്ങളെ പണ്ടത്തേതിലും മുറുകെപ്പിടിക്കുകയാണ്. പിന്നെ ഗാന്ധിയന്‍ ആശയങ്ങള്‍ ഡ്രൈയായി അടിച്ചാല്‍ ചങ്കുവാടിപ്പോകുമെന്നതിനാല്‍ അല്‍പ്പം അഴിമതി ചേര്‍ത്ത് ഡയലൂട്ടാക്കും... അത് തെറ്റാണോ. കാലഘട്ടത്തിന് അനുസരിച്ച മാറണ്ടെ. ഇതിനിടയില്‍ കമ്യൂണിസ്റ്റുകാരുമായി അടിയും വെട്ടും കുത്തും ഒന്നും നടക്കില്ല. ഒന്നിനും നേരമില്ല...

ശത്രുക്കള്‍ ഇങ്ങനെ തുടങ്ങിയാല്‍ പാര്‍ട്ടി എന്തു ചെയ്യും? സംഭരിച്ച ഊര്‍ജമെല്ലാം എന്തു ചെയ്യും? വേറെ ഏതെങ്കിലും പാര്‍ടികള്‍ക്കു കുറച്ച് കൊടുക്കാമെന്നു വിചാരിച്ചാല്‍ അത് വര്‍ഗശത്രുവിനെ സഹായിക്കലാകും. പാര്‍ട്ടി പിരിച്ചു വിട്ടാലും വര്‍ഗ ശത്രുക്കളെ സഹായിക്കില്ല. അത് മൂന്നും തരം...

പിന്നെ എന്തു ചെയ്യും... അങ്ങനെയാണ് ഫുട്ബോള്‍ എന്ന ആശയം വിരിഞ്ഞത്. അതാകുമ്പൊ ഡിഫി സഖാക്കള്‍ക്ക് കളികാണാനെത്തുന്ന വരോട് മെക്കിട്ടു കേറാം... പാര്‍ട്ടിക്ക് ബക്കറ്റ് പിരിവ് നടത്താം... ചുളുവില്‍ സഖാവ് നായനാരെ ഒന്ന് അനുസ്മരിക്കാം...നാട്ടുകാര്‍ക്ക് കാര്യമായ ശല്യം ഉണ്ടാവില്ല... പിന്നെ മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് ആധിപത്യമുള്ള കളിയെന്ന നിലയ്ക്ക് പാര്‍ട്ടിയിലെ ബുദ്ധി ജീവികള്‍ക്കും ഫുട്ബോളിനോട് കാര്യമായ എതിര്‍പ്പുണ്ടാവില്ല.

പാര്‍ട്ടി ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ സ്വതവേ ദാനശീലനായ ഫാരിസ് മുതലാളിക്ക് നോക്കിനില്‍ക്കാന്‍ പറ്റുമോ? മുതലാളിക്ക് പണ്ടുതൊട്ടേ ഉള്ള വീക്നെസാണ് സക്കാത്ത് കൊടുക്കുക എന്നത്. അത് ഇന്നവര്‍ക്ക് എന്നില്ല. ആര്‍ക്കും കൊടുക്കും. ഇപ്പൊ വായ്പയായി കൊടുക്കുന്ന പണം വേണമെങ്കില്‍ പിന്നീട് സക്കാത്താക്കി മാറ്റാവുന്ന പ്രത്യേക സ്കീമ് മുതലാളി ആവിഷ്കരിച്ചിട്ടുണ്ട്.

സക്കാത്ത് മാത്രമല്ല. പാവപ്പെട്ട കിഡ്നി രോഗികളെ നോക്കൂ... അവര്‍ എന്തുമാത്രമാണ് കഷ്ടപ്പെടുന്നത്. ഈ ലോകത്ത് ഇത്രയേറെ കിഡിനി രോഗികള്‍ കഷ്ടപ്പെടുമ്പോഴാണ് നമ്മള്‍ രണ്ടു കിഡ്നിയുമായി സുഖമായി ജീവിക്കുന്നത്. ഈത് അന്യായമല്ലെ. ഏല്ലാവര്‍ക്കും ഒരു കീഡ്നി വീതം സക്കാത്തായി നല്‍കിയാലെന്താ? അതു തന്നെയല്ലേ കാള്‍ മാക്സും പറഞ്ഞിട്ടുള്ളത്. ഉള്ളവനും ഇല്ലാത്തവുനും തമ്മിലുള്ള അന്തരം കുറയ്ക്കുക. സീങ്കപ്പൂരില്‍ ഇതിനായി ഒരു ശ്രമം നടത്തിയതാണ്. അവിടെയുള്ളവന്മാരെല്ലാകൂടി അത് പൊളിച്ചു. എന്നാല്‍ ജന്മനാടായ കേരളത്തില്‍ അത് നടപ്പാക്കി കാണിച്ചു തരാമെടാ എന്ന് വെല്ലുവിളിച്ച് അന്നു വണ്ടി കയറിയതാണ്. ഇവിടെ വന്നപ്പോള്‍ ഇതാ തന്നെപ്പോലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ ഒരു പടതന്നെ ഇവിടെയുണ്ട്. എന്നാല്‍ യോജിച്ചാകാം പ്രവര്‍ത്തനം എന്നു വിചാരിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ?...

പാവപ്പെട്ടവര്‍ക്കു കണ്ട ആനന്ദിക്കാനായി ഒരു ഫുട്ബോള്‍ മത്സരം സംഘിടിപ്പിക്കുമ്പോള്‍ അതിലേയ്ക്ക് അല്‍പ്പം സക്കാത്തു കൊടുക്കാതിരിക്കുന്നത് ശരിയാണോ. അങ്ങനെ കൊടുത്തു പോയതാണ് വെറും 60 ലക്ഷം. അതിന് താനെന്തോ വലിയ പാതകം ചെയ്തെന്ന മട്ടിലാണ് ഇവിടുത്തെ ബൂര്‍ഷ്വാ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്.

എന്തായാലും സിങ്കപ്പൂരിലേതു പോലെ ഇവിടെനിന്നു തോറ്റോടാന്‍ മുതലാളി ഒരുക്കമല്ല. എന്തിന് ഓടണം.? തന്നെപ്പൊലെ പാവപ്പെട്ടവരെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ ഐക്യനിര രൂപപ്പെടുത്തും.
ലോട്ടറി കച്ചോടം നടത്തി പാവപ്പെട്ടവര്‍ക്കു ഭാഗ്യ സമ്മാനങ്ങള്‍ നല്‍കുന്ന മാര്‍ട്ടിന്‍ ചേട്ടന്‍, 100 മേടിച്ചിട്ട് 200 രൂപയായി തിരച്ചുകൊടുക്കുന്ന ലിസ് എന്ന ധര്‍മ്മ സ്ഥാപനം ഇവരെല്ലാം ഫാരിസ് മുതലാളിക്കൊപ്പമുണ്ട്.

സഹായ മനസ്കര്‍ ഇങ്ങനെ ഒറ്റക്കെട്ടായി വരുമ്പൊ പാര്‍ട്ടി എങ്ങനെ അവരെ നിരുല്‍സാഹപ്പെടുത്തും. അതു കൊണ്ട് വരുവിന്‍... അടിയാള വര്‍ഗത്തിന്റെ ഉയിര്‍പ്പെഴുന്നേല്‍പ്പിനായി, തൊളിലാളി വര്‍ഗ സര്‍വാധിപത്യതിനായി , അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം സഖാക്കളെ...

കുറിപ്പ് - വായിച്ചതിനു ശേഷം ഇത് കീറിക്കളയണം. പാര്‍ട്ടി ശത്രുക്കള്‍ നാലുപാടുമുണ്ട്. സൂക്ഷിക്കുക.

Monday, April 23, 2007

സമത്വസുന്ദര പരലോകം

തിളച്ച എണ്ണയില്‍നിന്ന് എണ്‍പത്തിയാറാം വട്ടം പൊങ്ങിവരികയും എന്‍പത്തിഏഴാംതവണ മുങ്ങുകയും ചെയ്യുന്നതിനിടയിലെ ചെറിയ ഗ്യാപ്പില്‍ ക്ളോസറ്റുബ്രഷുപോലുള്ള തന്‍റെ ചകിരിമീശയില്‍നിന്നു എണ്ണ ആഞ്ഞുവടിച്ചുകളഞ്ഞുകൊണ്ട് പിരിയന്‍മുടിക്കാരന്‍ മന്ത്രി ചോദിച്ചു. "ഇനി എത്രവട്ടം മുക്കും സഖാവേ..." കരിപിടിച്ച വലിയ ചീനച്ചട്ടിക്കടിയിലേയ്ക്ക് കത്തുന്ന വിറകുകൊള്ളി ഒന്നുകൂടി തള്ളിവച്ചിട്ടും തൃപ്തിവരാതെ തൊളിലാളി സഖാവു മറുപടി പറഞ്ഞു- "ഇനിയും ഉണ്ടടോ പത്തുപതിനഞ്ചു മുക്കല്‍കൂടി. അടങ്ങിക്കിട അവിടെ. പക്ഷേ എത്ര തീളപ്പിച്ചിട്ടും താനങ്ങു മൊരിയുന്നില്ലല്ലോ... എന്തൊരു തൊലിക്കട്ടി." എ.കെ.ജി. സെന്‍ററിലെ വലിയ കോണ്‍ഫറന്‍സ് ഹാളിനെ അനുസ്മരിപ്പിക്കുന്ന വിശാലമായ ഹാളില്‍, കറങ്ങുന്ന കസേരകളിലിരുന്ന് തുണിയുടുക്കാത്ത ദൈവങ്ങള്‍ പിരിയന്‍മുടിക്കാരനെ പൊരിക്കുന്ന കാഴ്ച കണ്ട് ഉറക്കെ ഉറക്കെ ചിരിച്ചു. അവരില്‍ ചിലര്‍ വിളിച്ചു പറഞ്ഞു - "ഇക്കാലമത്രയും തുണിയുടുക്കാതെ നിന്നിട്ടും ഒരുത്തനും ഞങ്ങളെ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ തനിക്കുമാത്രം എന്താടോ ഇത്ര സൂക്കേട്. " ദൈവങ്ങളുടെ അട്ടഹാസത്തിനും വിജയാഹ്ളാദത്തിലുള്ള കെട്ടിപ്പിടിത്തത്തിനുമെല്ലാം ഇടയില്‍ പിരിയന്‍മുടിക്കാരനെ തൊളിലാളി സഖാവ് നൂറുവട്ടം തിളച്ച എണ്ണയില്‍മുക്കിയെടുത്ത് ശിക്ഷ അവസാനിപ്പിച്ചു. എന്നിട്ടും ചില ദൈവങ്ങള്‍‍ക്കു സംശയമായിരുന്നു - "പണ്ടത്തേതില്‍നിന്നു വല്യ വ്യത്യാസമൊന്നും ഇല്ലല്ലോ. എണ്ണയില്‍ മുക്കിയിട്ടും ഇവന്‍ കരിഞ്ഞില്ലേ?". ഇതുകേട്ട് പിരിയന്‍മുടിക്കാരനെ നേരത്തെ അറിയാവുന്ന പാലക്കാട്ടുകാരനായ ഒരു ദൈവം പറഞ്ഞു- "കരിഞ്ഞുട്ടൊണ്ട്. എവനൊന്നും കരിഞ്ഞാലും എളുപ്പം തിരിച്ചറിയാന്‍ പറ്റുകേല... അതാ.."
ചീനച്ചട്ടിയില്‍നിന്നു പുറത്തിറങ്ങിയ പിരിയന്‍മുടിക്കാരനെ കണ്ട് തുണിയുടുക്കാത്ത ദൈവങ്ങള്‍ പുച്ഛത്തോടെ ചോദിച്ചു - ഇപ്പോള്‍ തീര്‍ന്നോ തന്‍റെ അഹങ്കാരം? ഉടന്‍ വന്നു മറുപടി - "തന്നെയൊക്കെ ഞാന്‍ കരണ്ടുകമ്പിയല്‍ ചുറ്റി കണ്ട്രോള്‍ കമ്മിഷനെക്കൊണ്ട് ഷോക്കടിപ്പിക്കും... " നോക്കിക്കോ...പിരിയന്‍മുടിക്കാരന്‍ ഇതു പറഞ്ഞുതീര്‍ന്നതും ദൂരെനിന്നു മുഴങ്ങിക്കേട്ട ഒരു ശബ്ദം തൊട്ടടുത്തെത്തിയതായി ദൈവങ്ങള്‍ തിരിച്ചറിഞ്ഞു. എന്താണെന്നു നോക്കാന്‍ തൊഴിലാളിസഖാവു വാതില്‍ തുറന്നതും ഉപ്പുമാങ്ങാഭരണിക്കു കയ്യും കാലും വച്ചതുപോലൊരു സാധനം ഹാളിലേയ്ക്കു പാഞ്ഞുകയറി. എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടാണ് സംഭവത്തിന്‍റെ വരവ്. അടുത്ത സെക്കന്‍ഡില്‍ ദൈവങ്ങള്‍ ചെവി പൊത്തിപ്പോയി. "മക്കളേ... പുറത്തുപോയി അമ്പിളിമാമനെ കണ്ടിട്ടുവാ..."- എന്നെല്ലാം പറഞ്ഞ് മുതിര്‍ന്ന ദൈവങ്ങള്‍ കുട്ടിദൈവങ്ങളെ പൂരപ്പാട്ടിനിടയില്‍നിന്നു മാറ്റിനിര്‍ത്താന്‍ നോക്കി. അവന്‍മാരുണ്ടോ പോകുന്നു. നല്ല ഒന്നാംതരം പുളിച്ച തെറി ഇങ്ങനെ പ്രവഹിക്കുമ്പോള്‍ എന്ത് അമ്പിളിമാമന്‍. തുണിയുടുക്കാത്ത വലിയ ദൈവങ്ങളക്കാള്‍ ശ്രദ്ധയോടെ ഉടുക്കാക്കുണ്ടികളായ കുട്ടിദൈവങ്ങള്‍ തെറികള്‍ക്കു കാതോര്‍ത്തു പുളകിതരായി.
"പ്ഫ... പന്നക്കഴുവേറികള്‍... നായിന്‍റെമക്കള്‍... ഐ.എ.എസുകാര്‍..." ഇത്രയുമായപ്പോള്‍ നേരത്തെ പിരിയന്‍ മുടിക്കാരനെ പൊരിച്ചെടുത്ത തൊഴിലാളി സഖാവ് തെറിയന്‍ കിങ്കരനെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. "ഇവനു നമ്മള്‍ നേരത്തെ പറഞ്ഞ ശിക്ഷതന്നെ കൊടുക്കാമല്ലേ...?" ദൈവങ്ങളോടായി തൊഴിലാളി സഖാവു വിളിച്ചു ചോദിച്ചു. "ആ... കൊട്." തെറിയന്‍റെ സരസ്വതി സഹീക്കാന്‍മേലാതെ ചൂണ്ടു വിരലുകളുടെ മുക്കാല്‍ഭാഗവും ചെവിക്കുള്ളിലേക്കു തിരുകിക്കയറ്റിയിരുന്ന മുതിര്‍ന്ന ദൈവം ആശ്വാസത്തോടെ പറഞ്ഞു.ഉടന്‍ തൊളിലാളി സഖാവ് ഹാളിനു പുറത്തു പോയി അഞ്ചു വലിയ വല്ലം കൊട്ടകളിലായി അലക്കാത്ത ജെട്ടികള്‍ കൊണ്ടുവന്നിട്ടു.- "അലക്കെടാ അലക്ക്. ഇതെല്ലാം പൂജാരിമാരുടെ ജട്ടികള. അവരു ജെട്ടിയിരുകേലന്നല്ലാരുന്നോ നിന്‍റെ പരാതി. ഇന്ന അലക്ക്. ഇത് അലക്കിത്തീരുമ്പോള്‍ അടുത്ത കോട്ട കൊണ്ടുവരാം..."
തെറിയന്‍ അലക്കു തുടങ്ങി. ലോഡിങ്ങുകാര്‍ ലോറിയില്‍ തടികയറ്റുമ്പോള്‍ ഏലാമ്പേ വിളിക്കുന്നതുപോലെ ഈണത്തില്‍ തെറിപറഞ്ഞുകൊണ്ട് അലക്കുന്നതുകൊണ്ട് തെറിയനും തുണിയുടുക്കാത്ത ദൈവങ്ങള്‍ക്കും തീരെ ബോറടിച്ചില്ല. ഒന്നിനു പുറകെ ഒന്നായി കുട്ടകളില്‍ ജെട്ടികള്‍ എത്തിക്കൊണ്ടിരുന്നു. തെറിയും അലക്കും തുടര്‍ന്നു...
അതിനിടയില്‍ ദാ വരുന്നു സഖാവ് പറയുമ്പോള്‍വിറയന്‍. തുറിച്ചകണ്ണുകളുമായി സഖാവ് കൂനിക്കൂനി നടക്കുന്നതുകണ്ടപ്പോള്‍ ദൈവങ്ങളുടെ ഇടയില്‍ നിന്ന് ഒരു പെണ്‍ശബ്ദം പറഞ്ഞു. - "എന്‍റെ കൊട്ടുവടിക്കു പണിയായീീീീ..." നീതി ദേവതായാണ്. കണ്ണിലെ കറുത്ത തുണി അഴിച്ചു ദൂരെക്കളഞ്ഞ് കൊട്ടുവടിയുമായി മുന്നോട്ടുകുതിച്ചുകൊണ്ട് അവര്‍ പറഞ്ഞു - "തുണിയുടുത്തിട്ടും ഇവന്‍ എന്നെ വെറുതെ വിട്ടില്ലെന്നേ..." പറഞ്ഞു തീര്‍ന്നതും കൊടുത്തു, പറയുമ്പോള്‍വിറയന്‍റെ കഷണ്ടിത്തലക്ക് ഒരടി. ടോം & ജെറിയിലെ ടോമിന്‍റെ തല മുഴയ്ക്കുന്നതുപോല പൊങ്ങിവന്ന മുഴയില്‍ ബലമായി പിടിച്ചു താത്തിക്കൊണ്ട് പറയുമ്പോള്‍വിറയന്‍ അലറി- "മാപ്പ്... പൊതുജനങ്ങളേ മാപ്പ്..."
നീതി ദേവതയുണ്ടോ വിടുന്നു. പഴയ കലിപ്പുമൊത്തം കിടക്കുകയല്ലേ... - "മാപ്പല കോപ്പ്." കോട്ടുവടിക്ക് പിന്നയും തലയില്‍ അടിപൊട്ടി. അടിയും അലക്കും തുടരുന്നതിനിടയിലാണ് എന്തോ മറന്നതുപോലെ നീതി ദേവത പെട്ടന്ന് തന്‍റെ ഉടുപ്പിന്‍റെ പോക്കറ്റ് തപ്പിനോക്കി. എന്നിട്ടു പറഞ്ഞു.- "പോയി ... പോയി...എന്‍റെ നീതിപുസ്തകവും ത്രാസും പോയി." കേട്ടവര്‍ കേട്ടവര്‍ ഞെട്ടി... പരലോകത്ത് വന്ന അടിച്ചുമാറ്റാന്‍ ശേഷിയുള്ളവനോ... അതാരെടാ. അതും നീതിദേവതയുടെ ത്രാസും ബുക്കും... അതൊന്ന് അറിയണമല്ലോ... ഉടന്‍‍ രൂപീകരിച്ചു അന്വേഷണ കമ്മിഷന്‍...

കമ്മിഷന്‍റെ കണ്ടെത്തലുകള്‍ അടുത്ത ലക്കത്തില്‍...
പരീക്ഷണം.